Saturday, July 6, 2019

കണ്ണുകള്‍

വര്‍ഷങ്ങള്‍ക്കു ശേഷം ബാല്യകാലം ചെലവഴിച്ച ഗ്രാമത്തില്‍ വച്ചാണ് അത് സംഭവിച്ചത് .ഒന്നോര്‍ത്താല്‍ അത് വലിയ സംഭവമോ മറ്റോ ആണോ . അല്ലായിരിക്കാം . വയസനായി എന്ന സ്വാതന്ത്ര്യവും ഒരു പക്ഷെ ഒരു പുതിയ അനുഭൂതിയാണ് .അതേസമയം മനസ് ഇന്നും മാര്‍ക്കണ്ഡേയന്‍ ആണെന്ന കാര്യം തനിക്കും തന്റെ ഉറ്റ സുഹൃത്തുക്കള്‍ക്കും മാത്രമല്ലേ  അറിയൂ
നാട്ടിലെ ഒരു കല്യാണം .അവള്‍ ഓടി വന്നു കൈപിടിച്ചപ്പോള്‍ അത്ഭുതം തോന്നി ആരാണിവ ള്‍ . പക്ഷെ ആ കണ്ണുകള്‍ മാത്രം മനസിന്റെ ആഴത്തില്‍ പതിഞ്ഞു കിടക്കുന്നു . പുതു ഉന്മേഷം ലഭിച്ച   സിരകളോടെ ചുറ്റും നോക്കി ഒരു മനുഷ്യന്‍ പോലും ശ്രദ്ധിക്കുന്നില്ല . ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധാകേന്ദ്രം താനാണെന്ന മട്ടില്‍ ജീവിച്ചിരുന്ന കാലമൊക്കെ എന്നേ പോയി
ഒന്നോര്‍ത്താല്‍ അതും ഒരനുഗ്രഹമാണ്‌ . ഈ അവസ്ഥയില്‍ തന്നെ ആരും കാണുന്നില്ലല്ലോ . സ്നേഹത്തോടെ അവളുടെ കയ്യില്‍ അമര്ത്തിപ്പിടിച്ചു അവള്‍ പറയുന്ന ജീവിത കഥകള്‍ മുഴുവന്‍ കേട്ടപ്പോള്‍ താന്‍ ഒരിക്കലും അവളോട്‌ ഇതിനു മുമ്പ് സംസാരിച്ചിട്ടേയില്ലല്ലോ എന്ന കാര്യം ഓര്‍മ്മിച്ചു . കണ്ണുകള്‍ക്ക്‌ ഇത്ര ശക്തിയോ. എത്രയോ നാള്‍ അവളുടെ കണ്ണുകളില്‍ മാത്രം നോക്കിയിരുന്ന താന്‍  കണ്ണുകളിലെ ബ്ലൂ ടൂത്തിന്റെ ശക്തിയില്‍ അതിശയിച്ചു പോയി .
അവള്‍ പറഞ്ഞു കൊണ്ടേയിരുന്നു .എങ്കിലും അങ്ങോട്ടൊന്നും ചോദിച്ചില്ലല്ലോ എന്നോര്‍ത്തപ്പോള്‍ നിന്റെ കുട്ടികള്‍ എന്ത് ചെയ്യുന്നു എന്ന് ചോദിക്കാതിരിക്കാന്‍ കഴിഞ്ഞില്ല
അതിനു ഞാനിതുവരെ കല്യാണം കഴിച്ചിട്ടില്ലല്ലോ എന്ന പ്രസ്താവന ഞെട്ടിച്ചു കളഞ്ഞു
എങ്കിലും എന്റെ പെണ്ണെ നിനക്കൊരിക്കലും ഒന്ന് മിണ്ടാന്‍ തോന്നിയില്ലല്ലോ ഇതുവരെ എന്ന് മനസ്സില്‍ ചോദിച്ചു കൊണ്ട് അവളോട്‌ യാത്ര പറഞ്ഞു
       

No comments:

Post a Comment