Saturday, July 6, 2019

കശാപ്പു

തീരെ ചെറുപ്പം  അഞ്ചുവയസില്‍ താഴെ.   ആടിനെ അറുക്കുന്നത് നിസംഗതയോടെ നോക്കി നില്‍ക്കുമായിരുന്നു.  കോഴിയെയും താറാവിനെയും കൊല്ലുന്നതും അതുപോലെ .  ജീവികളെ കൊല്ലുന്നതില്‍ ഒട്ടും മടിയോ ഭയമോ ദുഖമോ ഇല്ലായിരുന്നു.അതായിരുന്നു ബാല്യം
നല്ല ഭംഗിയുള്ള മുട്ടനാടിനെ വക്കച്ചന്റെ വീട്ടില്‍ കൊണ്ടുവരുമായിരുന്നു . ഒന്ന് രണ്ടു ദിവസം ഞങ്ങള്‍ക്ക് കളിക്കാനാവും അതിനോടൊപ്പം. അത്രയേ അതിനു ആയുസ് ഉണ്ടായിരുന്നുള്ളൂ . ഞായറാഴ്ച രാവിലെ എണീറ്റ് വക്കച്ചന്റെ വീട്ടിലേക്കു ഓടും .ആടിനെ കൊല്ലുന്നതു  കാണാന്‍ .
കൊല നടത്തുന്നത് അടുത്തുള്ള എൻ്റെ ഒരു സുഹൃത്തിന്റെ ബാപ്പയാണ് . മന്ത്രം ചൊല്ലി ആടിനെ അറുത്താലേ  വില്‍ക്കാന്‍ പറ്റൂ അതിനാല്‍ കൊല്ലാന്‍ ഔസേപ്പ് മാപ്പിളക്ക് അവകാശമില്ല
നല്ല മൂര്‍ച്ചയുള്ള ചെറിയ കത്തി അത് കല്ലില്‍ ഉറച്ചു ഭംഗിയായി മൂര്‍ച്ച കൂട്ടുന്നത്‌ കാണാന്‍ തന്നെ നല്ല രസമാണ്
പക്ഷെ അത് കണ്ടു  നില്‍ക്കുന്ന മുട്ടനാടിന് കാര്യം മനസിലാകില്ല  അത് സന്തോഷത്തില്‍ത്തന്നെ ശബ്ദമുണ്ടാക്കിക്കൊണ്ട്‌ അവിടെ നില്‍ക്കും .
പക്ഷെ എല്ലാവരും കൂടി അതിനെ പിടിച്ചു നിലത്തു കിടത്തി  തടിയിലേക്ക  തല അമര്‍ത്തി വക്കുമ്പോള്‍ അത് കുതറാന്‍ ശ്രമിക്കും . അപ്പോള്‍ ആരെങ്കിലും അതിന്റെ കാലുകളും അമര്‍ത്തി പിടിച്ചു കാണും . മജീതിക്കാ  പതിയെ മന്ത്രങ്ങള്‍ ചൊല്ലിക്കൊണ്ടു വളരെ ഭംഗിയായി കത്തി അതിന്റെ കഴുത്തില്‍ ചലിപ്പിക്കും ചോരയുടെ ചീറ്റലും രണ്ടു മൂന്നു പിടായലും തീര്‍ന്നു .
ബാക്കി ജോലികള്‍ ഔസേപ്പു  മാപ്പിളക്കാണ്  തല മുറിച്ചു വേർപെടുത്തുന്നതും അതിനെ പുരയുടെ ഇറയില്‍ തൂക്കിയ മൂര്‍ച്ചയുള്ള കൊളുത്തില്‍ തലകീഴായി രക്തം വര്ന്നുപോകാന്‍ തൂക്കിയിടുന്നതും ഒക്കെ അപ്പോഴേക്കും ഞാന്‍ വീട്ടിലേക്കു പോന്നിട്ടുണ്ടാകും കുളിച്ചു ചായയും കുടിച്ചു കഴിഞ്ഞാല്‍ വീണ്ടും അങ്ങോട്ട്‌
അപ്പോഴേക്കും ആടിന്റെ തോല്‍ പൊളിക്കാന്‍ തുടങ്ങിയിട്ടുണ്ടാകും . ഒരു ഉടുപ്പ് ഊരി  മാറ്റുന്നത് പോലെ അതിന്റെ തോൽ  ഉരിഞ്ഞു എടുക്കും
അതിന്റെ കാലുകള്‍ മുട്ടിനു കീഴെ  വച്ചു മുറിച്ചു മാറ്റിയിട്ടുണ്ടാകും കാലുകളും തലയും ഉടനെ ഞങ്ങളുടെ വീട്ടിലേക്കു എത്തിക്കും
പച്ചോല കൊണ്ട് ഉണ്ടാക്കിയ ഓല ക്കൊട്ടയില്‍ അതെല്ലാം കൂടി നിറച്ചു കൊണ്ടു വരുന്ന കാഴ്ച
അതിന്മേല്‍ അടുത്ത നടപടി പൊന്നച്ചനാണ് എടുക്കുക  തലയില്‍ നിന്ന് തോൽ  പൊളിച്ചു മാറ്റിയാല്‍  ആട്ടിന്‍ തല ഭംഗിയായി ചിരിച്ചു കൊണ്ടിരിക്കും .അങ്ങനെ എത്രയെത്ര ആടിന്റെ ചിരി ഓര്‍മ്മയില്‍ തങ്ങി നില്‍ക്കുന്നു
പക്ഷെ അധിക നേരം കാണാന്‍ ആവില്ല കാരണം അതിന്റെ പല്ലൊക്കെ തല്ലിക്കളയാന്‍ തുടങ്ങും .വലിയൊരു വാക്കത്തിയുണ്ട് വീട്ടില്‍.അതിന്റെ മൂര്‍ച്ചയില്ലാത്ത വശം കൊണ്ടാണ് പല്ലുകള്‍ തല്ലിക്കളയുക പിന്നീട് കീഴ്ത്താടി വേര്‍പെടുത്തും ചെവിയൊക്കെ തോലിനോടൊപ്പം തന്നെ മുറിച്ചു കളഞ്ഞിരിക്കും എല്ലാം കൂടിഒരു ചരുവത്തിലിട്ടു അടുക്കളയിലേക്കു  .അതിന്റെ കൂടെ തോല് പൊളിച്ചു നഖമൊക്കെ മുറിച്ചു കളഞ്ഞ കാലുകള്‍  അതും കഷണ മാക്കിയിരിക്കും എല്ലാം ആട്ടിൻ  സൂപ്പ് ഉണ്ടാക്കാന്‍ ഉള്ളതാണ്  .അടുത്ത നടപടികള്‍ ഒന്നും ഞങ്ങള്‍ കുട്ടികള്‍ക്ക് രസമുണ്ടയിരുന്നില്ല
വീണ്ടും വക്കച്ചന്റെ വീട്ടിലേക്ക് .തോൽ  പൊളിച്ച  ആടിന്റെ വയറു പിളര്‍ന്നു കുടല്‍ പണ്ടം എല്ലാം കൂടി  ഒരു കൊട്ടയില്‍ നിറച്ചിരിക്കും
അതിന്റെ അന്നനാളം മുതല്‍ ചങ്കും കരളും പതിരും എല്ലാം കൂടി ഒന്നായി പറിച്ചെടുത്തു വേറെ ഒരു കൊളുത്തില്‍ തൂക്കും
അതിന്റെ വൃഷണങ്ങള്‍ നീണ്ട നാളി സഹിതം അതും മുറിച്ചു തൂക്കും
പിന്നീട് ഓരോ വലിയ കഷണങ്ങളായി വേര്‍ തിരിക്കലാണ് .ഇറച്ചിക്കത്തിയുടെ മൂര്‍ച്ചയില്‍ എല്ലാവര്ക്കും അസൂയ ആയിരുന്നു അതുപോലെ വേലന്റെ വാക്കത്തി ചെത്തുകാരന്റെ ചെത്തുകത്തി അന്നത്തെ ഏറ്റവും പേടിയുള്ള ആയുധങ്ങള്‍ ആയിരുന്നു അതൊക്കെ   

No comments:

Post a Comment